മട്ടന്നൂര്‍ ഇനി വിശപ്പുരഹിത നഗരം

മട്ടന്നൂര്‍ നഗര സഭയുടെ വിശപ്പുരഹിതം പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു. മട്ടന്നൂര്‍ നഗരത്തില്‍ എത്തിപ്പെടുന്ന ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. നഗരസഭയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ അധികൃതരും ചേര്‍ന്ന് ബാങ്ക്, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി വ്യവസായി സമിതി, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഓരോ വ്യക്തിക്കും സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള ചെറിയ ഇടപെടലുകള്‍ എല്ലാവര്‍ക്കും നടത്താന്‍ കഴിയുമെന്നും ഈ ഇടപെടലുകളാണ് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ആരോഗ്യമില്ലാത്ത സമൂഹത്തെ പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും വളരെ പെട്ടെന്ന് കീഴടക്കും. ഇത് സമൂഹത്തിനാകെ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം നല്‍കുന്നത് ഹോട്ടലുകളുടെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്നും ഓരോ വ്യക്തിയും ഇതില്‍ പങ്കാളിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി വഴി തന്റെ വക 10 പേര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് ജില്ലാകളക്ടര്‍ ചടങ്ങില്‍ വാഗ്ദാനം ചെയ്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്തു ഹോട്ടലുകള്‍ രണ്ടു പേര്‍ക്ക് വീതമാണ് ഓരോ ദിവസവും ഭക്ഷണം നല്‍കുക. മട്ടന്നൂരിലെ സഹകരണ കാന്റീന്‍ വഴിയാണ് ഭക്ഷണത്തിനുള്ള കൂപ്പണ്‍ വിതരണം ചെയ്യുന്നത്. കൂപ്പണിന്റെ കൈമാറ്റവും ചടങ്ങില്‍ നടന്നു. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അധികൃതര്‍ക്കാണ് കളക്ടര്‍ കൂപ്പണ്‍ കൈമാറിയത്.

മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഷാഹിന സത്യന്‍, വി പി ഇസ്മയില്‍, പ്രസീന പി, എം റോജ, എ കെ സുരേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ കെ വി ജയചന്ദ്രന്‍, നജ്മ ടീച്ചര്‍, വി കെ സുഗതന്‍, സി വി ശശീന്ദ്രന്‍, രജനി പി, ഹുസൈന്‍ വി, എ പ്രദീപന്‍, കെ ശ്രീധരന്‍, കെ ഗണേശന്‍, നഗരസഭ സെക്രട്ടറി സുരേശന്‍ എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കമലാക്ഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!