മഴക്കെടുതി; സംസ്ഥനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാതീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നില്‍. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്നു തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാൻ തോടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. കരയുടെ ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മാനന്തവാടി പേരിയയിൽ ഒഴുക്കിൽപ്പെട്ട ഏഴുവയസുകാരനെ ഇത് വരെ കണ്ടെത്തിയിട്ടില്ല. മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട കാണാതായ ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ രാവിലെ പുനഃരാരംഭിക്കും.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. നിരവധി മരങ്ങള്‍ കടപുഴകിവീണു. മിക്കയിടത്തും വൈദ്യുതിബന്ധം തടസപ്പെട്ടു. കോടഞ്ചേരി, ശാന്തിനഗര്‍, പച്ചക്കാട്, നീലേശ്വരം എന്നിവടങ്ങളില്‍ വന്‍ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്. പശുക്കടവ് മേഖലയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വടകരയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.

error: Content is protected !!