ജൂലൈ 16 ആമസോണ്‍ പ്രൈം ഡേ; പകുതി വിലയ്ക്ക് സ്മാര്‍ട് ഫോണുകള്‍

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ മറ്റൊരു വൻ സെയിലിനു ഒരുങ്ങുകയാണ്. ജൂലൈ 16 തുടങ്ങുന്ന 36 മണിക്കൂർ ആമസോൺ പ്രൈം ഡേ സെയിലിൽ നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് വിൽപനയ്ക്കുണ്ട്. വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, സാംസങ് തുടങ്ങി കമ്പനികളുടെ ഫോണുകൾ വൻ ഓഫർ വിലയ്ക്ക് ലഭിക്കും.

വൺ പ്ലസ് 6, വിവോ വി9, സാംസങ് ഗ്യാലക്സി നോട്ട് 8, മോട്ടോ ജി6, വാവെയ് പി20 പ്രോ എന്നിവയാണ് പ്രധാന ജനപ്രിയ ഹാൻഡ്സെറ്റുകൾ. ആമസോൺ ആപ്പ് ഉപയോഗിക്കുന്നവർക്കുള്ള ക്വിസ്സ് വഴി വൺപ്ലസ് 6 സ്വന്തമാക്കാം. ജൂലൈ 16 ന് ഉച്ചയ്ക്ക് 1ന് ഷവോമിയുടെ റെഡ്മി വൈ2 വിൽപനയുമുണ്ട്.

സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെയാണ് വിലക്കുറവ് നൽകുന്നത്. ഇതോടൊപ്പം എച്ച്ഡിഎഫ്സിയുടെ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് തിരിച്ചു ലഭിക്കും. നോ കോസ്റ്റ് ഇഎംഐ പ്രകാരം മാസം 1111 രൂപ നൽകിയാല്‍ മതി. കൂടാതെ എല്ലാ ആമസോൺ പേ ഉപഭോക്താക്കൾക്കും 10 ശതമാനം ക്യാഷ്ബാക്ക്, 3000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ എന്നിവയും ലഭിക്കും. ക്യാഷ്ബാക്ക് ഓഫറുകളും 40 ശതമാനം ഇളവും ലഭിക്കുന്നതോടെ ചില ഹാൻഡ്സെറ്റുകൾ പകുതി വിലയ്ക്ക് ലഭിക്കുമെന്ന് ചുരുക്കം.

സ്മാർട് ഫോണുകളിൽ മോട്ടോ G5 പ്ലസ്, സാംസങ് ഗാലക്സി ഓൺ പ്രൈം, വാവേ P20 പ്രോ, ഹുവാവേ പി 20 ലൈറ്റ്, 10.ഓർ E, 10.ഓർ ജി, ഇൻഫോക്കസ് ടർബോ 5 എന്നീ ഫോണുകൾക്ക് വിലക്കുറവുണ്ട്. സാംസങ് ഗ്യാലക്സി നോട്ട് 8 (എക്സ്ചേഞ്ചിൽ 10,000 രൂപയിലധികം ലഭിക്കും), വിവോ V7 +, വിവോ V9 തുടങ്ങിയവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകൾ ലഭിക്കും.

ഓണർ ഫോണുകൾക്കാണ് ഏറ്റവും വിലക്കുറവ്. 29,999 രൂപയുടെ ഓണർ വ്യൂ 10ന് 6,000 രൂപ ഇളവ് നൽകുന്നുണ്ട്. 12,999 രൂപ വിലയുള്ള ഓണർ 7സി (32 ജിബി‍) വിൽക്കുന്നത് 9,499 രൂപയ്ക്കാണ്. ഇതിനു പുറമെ പവർ ബാങ്ക്, ഡേറ്റ കേബിൾ, മൊബൈൽ കവറുകൾ, സ്ക്രീൻ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്ക്ക് 80 ശതമാനം വരെയാണ് ഇളവ് നൽകുന്നത്.

error: Content is protected !!