കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അഗ്രികള്‍ച്ചര്‍ മീറ്റ്

ഗുണമേന്‍മയുള്ള ഭക്ഷ്യ ഉല്‍പ്പണങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മായം ചേര്‍ന്ന പച്ചക്കറികളും എണ്ണകളും മല്‍സ്യങ്ങളും സാധാരണമായി കഴിഞ്ഞു. ഇതോടുകൂടി വിളകളുടെ കയറ്റുമതി ഇടിയുകയും ചെയ്തു.

കണ്ണൂരില്‍ സ്വപ്ന സാക്ഷാല്‍ക്കാരമായി എയര്‍ പോര്‍ട്ട് വരുന്നതോടു കൂടി കാര്‍ഷിക രംഗം ഉണരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും കച്ചവടക്കാരും. കയറ്റുമതി വര്‍ധിക്കണമെങ്കില്‍ ഉല്‍പന്നത്തിന്റെ ഗുണമേന്‍മ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യ ഘടകമാണ്. ഈയവസരത്തിലാണ് ഗുണമേന്‍മയുള്ള കര്‍ഷികവിളകള്‍ ഉല്‍പാദിപ്പിച്ച് മികച്ച കയറ്റുമതി ഉറപ്പുവരുത്താന്‍ കര്‍ഷകരെ സജ്ജരാക്കുക, കാര്‍ഷികമേഖലയിലേക്ക് യുവതലമുറയെ ആകൃഷ്ടരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡസ്റ്റിനേഷന്‍ കണ്ണൂര്‍ ഒപ്പര്‍ചൂണിറ്റിസ്  അൺലിമിറ്റഡ് എന്ന ബാനറില്‍ നടപ്പിലാക്കുന്ന വികസന പരിപാടികളുടെ ഭാഗമായി  അഗ്രികള്‍ച്ചര്‍ മീറ്റ് സംഘടിപ്പിച്ചത്.

കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് എംഡി വി തുളസീദാസ് ഉദ്ഘടനം ചെയ്തു. ശാസ്ത്രീയമായ കൃഷി രീതി പ്രോല്‍സാഹിപ്പിക്കണമെന്നും, ഇതിനായി കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്‍ സഹായം  ഉണ്ടാകണമെന്നുംവി തുളസീദാസ് പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനായി കോള്‍ഡ് സ്റ്റോറേജ് സിസ്റ്റം കൊണ്ടുവരണമെന്നും, ഇത്തരം സാങ്കേതിക വിദ്യ വികസിപ്പിച്ചാല്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന ഇടമായി കണ്ണൂര്‍ മാറുമെന്നും തുളസീദാസ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍വെച്ച് അന്താരാഷ്ട്ര പച്ചക്കറി വിപണന രംഗത്തെ  പ്രഗല്‍ഭനും ഹൈടെക്ക് പച്ചക്കറി കര്‍ഷകനുമായ കണ്ണൂര്‍ കോളച്ചേരി സ്വദേശി ടി വി വിജയനെ ആദരിച്ചു.ഒപ്പം പഞ്ചായത്ത്‌ തലത്തില്‍ മികവ് തെളിയിച്ച 86 കര്‍ഷക പ്രമുഖരെയും ചേംബര്‍ അഗ്രി അവാര്‍ഡ് നല്‍കി ആദരിച്ചു.

ചടങ്ങില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു.  സണ്ണി ജോസഫ് എം.എല്‍.എ, പന്നിയൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ.ജയരാജ് പി തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത കര്‍ഷക പ്രതിനിധികളും സംരംഭകരും നിക്ഷേപകരും കയറ്റുമതിക്കാരും പൊതു ജനങ്ങളും പങ്കെടുത്തു.

error: Content is protected !!