നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കുന്നതിന് അനുകൂലമായി സര്‍ക്കാറിന്‍റെ സത്യവാങ്മൂലം ഹൈ കോടതിയിൽ സമർപ്പിച്ചു. പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് സർക്കാറിന്‍റെ സമ്മതം സത്യവാങ്മൂലത്തില്‍ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്‌ജി അഭികാമ്യമാണ്. കേസിന്റെ പ്രത്യേക സാഹചര്യം കോടതി പരിഗണിക്കണം.
പ്രതി ദിലീപ് വിചാരണ തടസപ്പെടുത്താൻ നിരന്തരം ഹർജിയുമായി കോടതിയെ സമീപിക്കുകയാണ്. അതുകൊണ്ട് വിചാരണ വേഗത്തിൽ ആക്കണമെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന നടിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
കേസില്‍ സിബിഐ അന്വോഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നുമാരോപിച്ചാണ് ഹര്‍ജി.
കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദീലീപ് ശ്രമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാൻ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമില്ലെന്നുമാണ് സര്ക്കാര്‍ വാദം.