വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിബിഐ അന്വേഷണമെന്ന ആവശ്യം വിചാരണ വൈകിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ല. രേഖകൾ കിട്ടിയിട്ടില്ലെന്നു പറഞ്ഞു ഹർജികൾ സമർപ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹർജികൾ ദിലീപ് വിവിധ കോടതികളിൽ സമർപ്പിച്ചു.

ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയായ നടിക്കും മുൻ ഭാര്യ മഞ്ജു വാര്യർക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും സർക്കാർ നിലപാടെടുത്തു. ഹർജി പരിഗണിക്കുന്നത് ഈമാസം 23ലേക്കു മാറ്റി.

error: Content is protected !!