ക്യാംപസ് ഫ്രണ്ടിനെ തുടച്ചു നീക്കുകയെന്നത് എസ്എഫ്ഐയുടെ ദൗത്യം; നിലപാട് വ്യക്തമാക്കി സിപിഐഎം
എസ്ഡിപിഐ അരും കൊല ചെയ്ത അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തെ രാഷട്രീയമായി നേരിടാന്‍ തന്നെയാണ് സിപിഎം തീരുമാനം. കേരളത്തിന്റെ മതേതരപുരോഗമന ചിന്തകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ക്യാംപസ് ഫ്രണ്ട് ഉയര്‍ത്തുന്നതെന്നും കേരളത്തിലെ ക്യംപസുകളില്‍ നിന്ന് ക്യാംപസ് ഫ്രണ്ടിനെ തുടച്ചു മാറ്റുക എന്ന രാഷ്ട്രീയ വെല്ലുവിളി തങ്ങള്‍ ഏറ്റെടുക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
മഹാരാജാസ് ക്യാംപസില്‍ കഴിഞ്ഞ കുറച്ചു കാലമായി ക്യാംപസ് ഫ്രണ്ടിന്റെ നേതൃത്തില്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ട്. ഹാദിയ വിഷയത്തിന്റെ പേരില്‍ മഹാരാജാസിലെത്തിയ വനിതാ കമ്മീഷന്‍ ചെയര്‍മാനെ തടയാനും ആക്ഷേപിച്ചു മടക്കിവിടാനും ശ്രമിച്ചത് ക്യാംപസ് ഫ്രണ്ടാണ്. ആര്‍.എസ്.എസ് പോലെ നമ്മുടെ മതേതരപുരോഗമന ചിന്തകള്‍ക്ക് എതിരാണ് ക്യാംപസ് ഫ്രണ്ടും. അവരെ ക്യാംപസില്‍ നിന്ന് തുടച്ചു നീക്കുക എന്നതാണ് ഇനി എസ്.എഫ്.ഐയുടെ ദൗത്യം. അവര്‍ ഉയര്‍ത്തിയ വെല്ലുവിളി ഞങ്ങള്‍ രാഷ്ട്രീയമായി ഏറ്റെടുക്കുന്നു തോമസ് ഐസക് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചു കയറാന്‍ നോക്കിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരിച്ചു. അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്.