അഭിമന്യു വധം; പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ നീക്കം
അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതിനുള്ള ഒരുക്കം പോലീസ് തുടങ്ങി. കൊല്ലപ്പെടുന്നതിന് മുന്‍പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണമുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി ഇന്ന് അറസ്റ്റിലായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ഓഫീസുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും പൊലീസ് സംഘം അന്വേഷിച്ചെത്തി. നിരവധിപ്പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം കേസില്‍ ഇന്ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നു.
അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇടുക്കി വട്ടവടയിലെ വീട്ടില്‍ നിന്ന് അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞിരുന്നു. ബസ് കിട്ടാത്തതിനെ തുടര്‍ന്ന് പച്ചക്കറികള്‍ കൊണ്ടുപോയ വാഹനത്തില്‍ കയറിയാണ് അഭിമന്യു അന്ന് കോളേജിലേക്ക് തിരിച്ചത്. ഈ സാഹചര്യത്തിലാണ് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂര്‍ സ്വദേശികളിലൊരാള്‍ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില്‍ നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരല്ല
എറണാകുളം നെട്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിവില്‍ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരില്‍ ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷര്‍ട്ടുകാരന്‍ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.