അഭിമന്യു വധം; എസ്ഡിപിഐ കേന്ദ്രങ്ങളില്‍ റെയ്ഡ്

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് ഒരേ സമയം പൊലീസ് പരിശോധന നടത്തുന്നത്. കാടാമ്പുഴയ്ക്കടുത്തുള്ള കേന്ദ്രത്തിലും പരിശോധനയുണ്ട്.

ഇതിനിടെ, അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

അതേ സമയം പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘം അരും കൊല ചെയ്ത അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതിനുള്ള ഒരുക്കം പോലീസ് തുടങ്ങി. കൊല്ലപ്പെടുന്നതിന് മുന്‍പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണമുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി ഇന്ന് അറസ്റ്റിലായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്. എന്നാല്‍, കുത്തിയത് ഇയാള്‍തന്നെയാണോയെന്ന് മുഴുവന്‍ പേരുടെയും അറസ്റ്റിനു ശേഷമേ അറിയാനാകൂ. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.

അതേ സമയം അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഫണ്ട് ശേഖരണത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയുട്ടുമുണ്ട്. ഇതിലേക്ക് എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതുവരെ 8 ലക്ഷത്തോളം രൂപ കുടുംബ സഹായ ഫണ്ടിലേക്ക് എത്തിയിട്ടുണ്ട്.

error: Content is protected !!