പയ്യന്നൂർ  താലൂക്ക്  ആശുപത്രിയെ ‘ആർദ്രം’ പദ്ധതിയിൽ  ഉൾപ്പെടുത്തി

പയ്യന്നൂർ  താലൂക്ക്  ആശുപത്രിയെ ‘ആർദ്രം’ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി  സി. കൃഷ്ണൻ  എം.എൽ.എ  അറിയിച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള സർക്കാരിന്റെ രോഗീ സൗഹൃദ ആശുപത്രി സംരംഭമാണ് ആർദ്രം ദൗത്യം. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യം വർധിപ്പിക്കുക, പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവയാണ് ആർദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഒ.പി. സംവിധാനങ്ങളുടെ നവീകരണം, ജില്ലാ-താലൂക്കുതല ആശുപത്രികളുടെ നിലവാരം ഏകീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായി ആരോഗ്യ നിർണയ ഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യ രംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ എന്നീ നാല് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർദ്രം പദ്ധതി.
ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഗുണമേന്മയും സൗഹാർദപരവുമായ സേവനം ഉറപ്പാക്കുക, സൂപ്പർ സ്‌പെഷ്യാലിറ്റി സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക, രോഗികൾക്ക് ചികിത്സാമാർഗരേഖ (പ്രോട്ടോകോൾ) പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നിവയാണ് ആർദ്രം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. താലൂക്കുതല ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ സജ്ജമാക്കി ആധുനികവത്കരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
error: Content is protected !!