സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ഓഗസ്റ്റ് ഒന്ന് വരെ യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകില്ല. നിരോധനം അഞ്ച് ദിവസം കൂട്ടിയതോടെ മത്സ്യപ്രജനനത്തിൽ വ‍ർദ്ധനവുണ്ടാകുമെന്നാണ് പരന്പരാഗത മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ.

ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അയ്യായിരത്തോളം യന്ത്രവൽകൃത യാനങ്ങൾ ഹാർബറുകളിൽ അടുപ്പിച്ചു. ഇതരസംസ്ഥാന യാനങ്ങൾ കേരള തീരം വിട്ടു. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്‍റും കടലിൽ പരിശോധന തുടങ്ങി. പരന്പരാഗത മത്സ്യതൊഴിലാളികളുടെ 28,000 വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. അടിത്തട്ട് ഇളക്കിയുള്ള മത്സ്യബന്ധനത്തിന്‍റെ നിരോധന കാലയളവ് കൂട്ടിയതോടെ മത്സ്യ സന്പത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ .

ദേശീയ ട്രോളിങ് നയമനുസരിച്ച് 52 ദിവസമാണ് ഇത്തവണ ട്രോളിംഗ് നിരോധനം. എന്നാൽ ആഴക്കടലിൽ വിദേശ കപ്പലുകൾക്ക് മീൻപിടിക്കാൻ അനുമതി നൽകി നിരോധനം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ബോട്ടുടമകളുടെ വാദം. നിരോധന കാലത്ത് സര്‍ക്കാർ നല്‍കുന്ന ആനുകൂല്യങ്ങൾ അപര്യാപ്തമെന്ന പരാതി ബോട്ട് തൊഴിലാളികളും ഉന്നയിക്കുന്നു. നിരോധന കാലയളവ് കൂട്ടിയത് ചോദ്യം ചെയ്ത് ബോട്ടുടമകൾ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

error: Content is protected !!