തീയറ്റർ പീഡനം : തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമസഭയിൽ വാക്‌പോര്

എടപ്പാളിലെ തീയറ്ററിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ചൈൽഡ് ലൈനെ അറിയിച്ച തീയറ്റർ ഉടമയെ പോലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ അവതരിപ്പിച്ചത്.കേസില്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേസ് തേയ്ച്ച്മാച്ച് കളയാന്‍ സര്‍ക്കാരും പൊലീസും ശ്രമിക്കുകയാണ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായിയും രമേശ് ചെന്നിത്തലയും തമ്മില്‍ വാക്‌പോര് നടന്നു. ഇരുവരും തമ്മില്‍ നാലു തവണവാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.

പെണ്‍കുട്ടിയെ പീഡനത്തിനിരയായ സംഭവം ദൃശ്യങ്ങൾ സഹിതം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചത് തീയറ്റർ ഉടമയാണ്. ഇല്ലെങ്കിൽ ഈ സംഭവം പുറംലോകമറിയില്ല. വിഷയത്തിൽ ശക്തമായി ഇടപെട്ട തീയറ്റർ ഉടമയെ പ്രതികാര നടപടിയുടെ ഭാഗമായാണ് പോലീസ് കേസിൽ കുടുക്കിയത്. സിപിഎം ഉന്നതരുടെ നിർദ്ദേശം ഇതിനായി പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരേ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് വൈകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അധികാരപരിധി വിട്ട് തെറ്റായ പ്രവർത്തനം നടത്തുന്ന പോലീസുകാർക്കെതിരേ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. ദൗർഭാഗ്യവശാൽ തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ദിവസംതോറും പോലീസ് വീഴ്ചകളാണ് സംസ്ഥാനത്തുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അറസ്റ്റ് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് (ഡിജിപി) താൻ വിശദീകരണം തേടിയിട്ടുണ്ടെന്നും നിലവിൽ ഇത് സംബന്ധിച്ച ഫയൽ തന്‍റെ മുൻപിൽ എത്തിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ചല്ല കേസിൽ അറസ്റ്റ് നടന്നിരിക്കുന്നത്. പോലീസ് ഇരകൾക്കൊപ്പമാണെന്നും അറസ്റ്റ് നിയമപരമാണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

പോലീസുകാരെ തള്ളാതെയും സംരക്ഷിക്കാതെയും മുഖ്യമന്ത്രി മറുപടി നൽകിയതോടെ പ്രതിപക്ഷം സഭയിൽ ബഹളംവച്ചു. അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭാ നടപടികൾ തടസപ്പെട്ടു. സ്പീക്കറുടെ ഡയസിന്‍റെ മുൻപിലെത്തിയും പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നു. വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.

error: Content is protected !!