അടിമപ്പണിക്ക് ഞങ്ങളില്ല; കടുത്ത നിലപാടുമായി ക്യാമ്പ് ഫോളോവർമാർ
പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍. കർശന നിലപാടുമായാണ് ക്യാന്പ് ഫോളോവർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതൽ ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്ക് കയറരുതെന്ന് ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികൾക്കും അസോസിയേഷൻ നിവേദനം നൽകും.
ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവർമാർ അതത് യൂണിറ്റുകളിൽ തിരികെയെത്തണമെന്ന നിര്‍ദേശവും അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. നേരത്തെയും ഇത്തരം തീരുമാനങ്ങള്‍ അസോസിയേഷന്‍ എടുത്തിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാരുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു. അതേസമയം ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടികളാരംഭിച്ചു. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് പികെ രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
അതിനിടെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാരെ ദാസ്യപ്പണി ചെയ്യിക്കുന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തൃശൂരില്‍ മണ്ണുത്തി എസ്എച്ച്ഓയായ ശില്‍പ ഐപിഎസിൻറ വീട്ടുപണി ചെയ്യാൻ തയ്യാറാകാത്തതിനാല്‍ പൊലീസുകാരനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പരാതി ഉയര്‍ന്നു. ശില്‍പ ഐപിഎസിന്‍റെ ഡ്രൈവറായിരുന്ന പൊലീസുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. അടുക്കള മാലിന്യം നീക്കാൻ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്ന് പൊലീസുകാരൻ പറഞ്ഞു.