രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് : മാണിക്ക് കീഴടങ്ങി കോണ്‍ഗ്രസ്‌

കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാൻ തീരുമാനമായി. ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.

ജനങ്ങളാഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൂടുതൽ ശക്തിപ്പെടുത്തണം. ഈ താൽപര്യങ്ങൾ പരിഗണിച്ചാണ് കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നത് വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദ്ദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്പെഷൽ കേസായാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിന് ഇന്ന് കിട്ടേണ്ടതു നാലു കൊല്ലം കഴിഞ്ഞുകിട്ടും എന്ന കാര്യം മാത്രമേയുള്ളു. പഴയ പോലെ സൗഹാർദ്ദപരമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!