സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരും

ശനിയാഴ്ച വരെ സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 23 വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.

മരങ്ങൾ കടപുഴകിവീണും മണ്ണിടിഞ്ഞും സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മലയോര മേഖലകളെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്. വീടുകൾ തകർന്നതും കേടുപാടുകൾ സംഭവിച്ചതും കൃഷിനാശവും ഉൾപ്പെടെ 90 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഞായറാഴ്ച വരെ സംസ്ഥാനത്തുണ്ടായ വിവിധ മഴക്കെടുതികളിലായി 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിനിടയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ കാര്യമായ മഴക്കെടുതികൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് 62 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കൂടുതലും കോഴിക്കോട് ജില്ലയിലും ആലപ്പുഴ ജില്ലയിലുമാണ്. 3, 540 കുടുംബങ്ങളിൽ നിന്നായി 15,141 ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നതെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.കനത്ത മഴയിൽ സംസ്ഥാനത്ത് 256 വീടുകൾ പൂർണമായും 7, 140 വീടുകൾ ഭാഗികമായും തകർന്നു. ആകെ, 13.67 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

error: Content is protected !!