ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ രാജ്യത്തിന്റെ വീരപുത്രനാണെന്ന്; പ്രണാബ് മുഖർജി
ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ രാജ്യത്തിന്റെ വീരപുത്രനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണാബ് മുഖർജി. ആർഎസ്എസ് ആസ്ഥാനത്തെത്തിയ പ്രാണാബ് ഹെഡ്ഗേവാറിന്റെ സ്മാരകത്തിലെ സന്ദർശക ഡയറിയിലാണ് ഇക്കാര്യം കുറിച്ചത്. ഇവിടെ എത്തിയത് ഇന്ത്യയുടെ മഹാനായ പുത്രനെ അഭിവാദനം ചെയ്യുന്നതിനും ബഹുമാനം അറിയിക്കുന്നതിനുമാണെന്ന് പ്രണാബ് എഴുതി. സംഘ് ശിക്ഷാ വർഗ് ചടങ്ങിലാണ് പ്രണാബ് പങ്കെടുക്കുന്നത്.
മാധവ് സദാശിവ് ഗോൾവാൾക്കറുടെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. 700 ആർഎസ്എസ് കേഡർമാരുടെ ‘പാസിങ് ഔട്ട്’ പരിപാടിയിലാണു പ്രണബ് സംസാരിക്കുന്നത്. ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു.
ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രണാബ് മുഖർജിയുടെ തീരുമാനത്തിനെതിരേ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി രംഗത്തെ ത്തിയിരുന്നു. ആർഎസ്എസിനും ബിജെപിക്കും കഥകൾ മെനയാൻ പ്രണാബ് അവസരമൊരുക്കിയിരിക്കുകയാണെന്നു ശർമിഷ്ഠ ട്വീറ്റ് ചെയ്തു. പ്രണാബിന്റെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങൾ നിലനിൽക്കും. അതാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ കുതന്ത്ര വിഭാഗം എങ്ങനെ പ്രവർത്തിക്കു ന്നുവെന്ന് പ്രണാബിന് ഇപ്പോൾ മനസിലായിക്കാണുമെന്നു പ്രതീക്ഷിക്കാം-ശർമിഷ്ഠ വ്യക്തമാക്കി.