യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത ‘ഒല’ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍
യാത്രയ്ക്കിടെ വിജനമായ വഴിയിലെത്തിച്ച് യുവതിയെ ആക്രമിക്കുകയും പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ ‘ഒല’ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിനിരയായത്. ടാക്‌സിയുടെ ഡ്രൈവര്‍ വി. അരുണിനെയാണു ബെംഗളൂരു പൊലീസ് പിടികൂടിയത്.ആര്‍ക്കിടെക്ടായ ഇവര്‍ ജൂണ്‍ ഒന്നിനു പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്‌സി വിളിച്ചത്.
സ്ഥിരം റൂട്ടില്‍ നിന്ന് മാറി ഇയ്യാള്‍ ടാക്‌സി ഓടിക്കുകയും യുവതി അത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ എളുപ്പവഴി അതാണെന്ന് പറഞ്ഞ് ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. യാത്രയ്ക്കിടെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ മറ്റു ചിലരെ കൂടി വിളിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തി.
യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ വാട്ട്‌സാപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ പൊലീസിന് ഇമെയില്‍ വഴി യുവതി പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. സംഭവം നടന്നു മൂന്നു മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടി. അക്രമത്തിനിരയായ യുവതി ഒട്ടും വൈകാതെ പൊലീസിനെ വിവരം അറിയിച്ചതാണു പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അവസരോചിത ഇടപെടലില്‍ പൊലീസ് അഭിനന്ദനവും അറിയിച്ചു.‘ഒല’ ടാക്‌സിയുടെ ഡ്രൈവറായ ഇയ്യാള്‍ക്ക് വെരിഫിക്കേഷന്‍ ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ‘ഒല’ കമ്പനിയ്ക്കു പൊലീസ് നോട്ടിസ് അയച്ചു.