നീരവ് മോഡി യുകെയില്‍ അഭയം തേടിയതായി സൂചന
പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വജ്ര ജ്വല്ലറി വ്യാപാരി നീരവ് മോദി യുകെയില്‍ രാഷ്ട്രീയ അഭയം തേടി. ഇന്ത്യന്‍, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും അഭയം നല്‍കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ അഭയത്തിനായുള്ള അപേക്ഷ മോദി യുകെയിലെ കോടതിയിൽ സമർപ്പിച്ചെന്നാണ് സൂചന. സ്വകാര്യ കേസുകളിലെ വിവരങ്ങൾ നൽകാനാവില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെ തുടർന്ന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല.
വ്യാജരേഖകൾ സമർപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ തട്ടിച്ചതിന് നിയമനടപടി നേരിടുകയാണ് നീരവ് മോദി. തട്ടിപ്പ് കേസിൽ അറസ്റ്റ് ഭയന്ന് കഴിഞ്ഞ് ജനുവരിയിൽ മോദി ഇന്ത്യ വിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് അമേരിക്കയിലേക്കും കടന്ന മോദി സുരക്ഷിത താവളം എന്ന നിലയിലാണ് യുകെയിൽ എത്തിയതെന്നാണ് സൂചന. മോദിയെ കണ്ടെത്താൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു.
നീരവ് മോദി ബ്രിട്ടനിലേക്ക് കടന്നത് ആഭ്യന്തര മന്ത്രാലയത്തെ സമ്മർദ്ദത്തിലാക്കിയെന്നാണ് സൂചന. ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്ത് രണ്ട് വർഷം മുമ്പ് ബ്രിട്ടനിലേക്ക് മുങ്ങിയ കിംഗ്ഫിഷർ മേധാവി വിജയ് മല്യയെ തിരിച്ചെത്തിക്കാൻ ഇതുവരെ ഇന്ത്യയ്ക്കായിട്ടില്ല.