നിപ്പാ വൈറസ് : വയനാട്ടിലും ജാഗ്രത നിര്‍ദ്ദേശം

നിപ്പാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോടിന്‍റെ അതിർത്തി ജില്ലയായ വയനാടിനും ജാഗ്രതാ നിർദ്ദേശം. നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പേർ കൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വയനാട്ടിലെ സ്കൂളുകൾ ജൂണ്‍ അഞ്ച് വരെ തുറക്കരുതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

നിപ്പാ ബാധിച്ച് മരിച്ചവരുമായി ഇടപെട്ടവർ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. നിപ്പയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേക വാർഡിലേക്ക് മാറ്റണമെന്ന് സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നൂറോളം പേർ നിപ്പയുടെ രോഗലക്ഷണവുമായി നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്.

വൈറസ് ബാധയേൽക്കുന്നവരുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്നും കൊണ്ടുവരുന്ന മരുന്ന് ഇന്ന് രാത്രി തന്നെ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.

error: Content is protected !!