നിപ്പാ വൈറസിനു ഹോമിയോപ്പതിയിൽ മരുന്നില്ല: ആരോഗ്യവകുപ്പ്
നിപ്പാ വൈറസിനു ഹോമിയോപ്പതിയിൽ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ്. നിപ്പയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും ഹോമിയോപ്പതിയിൽ നിപ്പയ്ക്കു മരുന്നുണ്ടെന്നു ഹോമിയോ ഡോക്ടർമാർ ഇതുവരേയും അറിയിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു.
നിപ്പാ വൈറസിനെന്ന പേരിൽ വ്യാജ പ്രതിരോധമരുന്നു വിതരണം ചെയ്ത സംഭവത്തിൽ ശനിയാഴ്ച ഓഫീസ് അറ്റൻഡറെ സസ്പെൻഡു ചെയ്തിരുന്നു. കോഴിക്കോട്ട് മുക്കം സർക്കാർ ഹോമിയോ ആശുപത്രി അറ്റൻഡറെയാണ് സസ്പെൻഡ് ചെയ്തത്. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഡോക്ടറുടെ അസാന്നിധ്യത്തിൽ ജീവനക്കാരാണ് വെള്ളിയാഴ്ച കോഴിക്കോട്ട് മുക്കം സർക്കാർ ഹോമിയോ ആശുപത്രിയിൽ മരുന്നു വിതരണം ചെയ്തത്. മരുന്ന് കഴിച്ച നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവർ വീണ്ടും ആശുപത്രികളിൽ ചികിത്സ തേടി. ഈ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. നിപ്പയ്ക്കു പ്രതിരോധ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.