കാസര്‍കോട് നിന്ന് കാണാതായവര്‍ യമനിലെ മതപഠന കേന്ദ്രത്തിലുണ്ടെന്ന് സന്ദേശം. കാസര്‍കോട് രണ്ടു കുടുംബത്തിലെ പതിനൊന്നു പേരെ കാണാതായ വാര്‍ത്തക്ക് പിന്നാലെ സംഘത്തിലെ ഒരാളുടെ ഓഡിയോ സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. യമനിലെ ഹദര്‍ മൗത്തിലുണ്ടെന്ന് സ്ഥിരീകരിക്കുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും ദുബൈയില്‍ മൊബൈല്‍ കടയുടമയുമായ സവാദിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.
ഹദര്‍ മൗത്തിലെ ശൈഖിന്റെ മതപഠന കേന്ദ്രത്തിലാണ് ഉള്ളത്. ഇക്കാര്യം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അറിയാം. ചെമ്മനാട്ട്, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു ഭാര്യമാരും തന്നോടൊപ്പം ഉണ്ട്. ഒരു ഭാര്യയെ അവളുടെ സഹോദരനാണ് ദുബൈയിലുള്ള തന്റെ അടുത്തെത്തിച്ചത്. ഭാര്യാ പിതാവ് അബ്ദുല്‍ ഹമീദിനെ 10 ദിവസം മുമ്പ് വിളിച്ചിരുന്നതായും വിവരങ്ങള്‍ പറഞ്ഞിട്ടിട്ടുണ്ടെന്നും സവാദിന്റെ ഓഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ദുബൈയിലേക്കെന്ന് പറഞ്ഞ് പോയ കുടുംബത്തെ കുറിച്ച് വിവരമില്ലെന്ന പരാതിയില്‍ രണ്ട് കേസുകളാണ് കാസര്‍കോട് ടൗണ്‍ സി.ഐ രജിസ്റ്റര്‍ ചെയ്തത്. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ പിഞ്ച് കുഞ്ഞടക്കം ആറു പേരെ കാണാതായതിനാണ് പോലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഹമ്മില്‍ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് കേസെടുത്തത്.
പോലീസിന് അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം പുറത്തു വന്നത്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്നു മക്കള്‍ എന്നിവരെയാണ് കാണാതായത്. ജൂണ്‍ 15നാണ് ഇവരെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നു.