മട്ടന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആറു മാസത്തിനകം

പുതുതായി നിര്‍മിക്കുന്ന മട്ടന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറു മാസത്തിനകം ആരംഭിക്കുമെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ അറിയിച്ചു. മട്ടന്നൂര്‍ മണ്ഡല വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോടതി കെട്ടിടത്തിന് പിറകുവശത്തെ മൂന്നേക്കര്‍ സ്ഥലത്താണ് പുതുതായി മിനി സിവില്‍ സ്റ്റേഷന്‍ വരുന്നത്. ഇതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവള നഗരത്തിന് അനുയോജ്യമായ രീതിയില്‍ മികച്ച സൗകര്യങ്ങളും പ്രൗഢിയുമുള്ള കെട്ടിടമാണ് മിനിസിവില്‍ സ്റ്റേഷനു വേണ്ടി നിര്‍മിക്കുക.
നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇവിടേക്ക് മാറ്റും. ഓഫീസുകള്‍ക്കു പുറമെ, ആധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍, കാന്റീന്‍, പൊതുജനങ്ങള്‍ക്കായുള്ള ടോയ്‌ലെറ്റുകള്‍, വിശ്രമമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഹൗസിംഗ് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല.
ജൂലൈ മാസത്തോടെ മണ്ണ് പരിശോധന, വിശദമായ എസ്റ്റിമേറ്റ്, ഡിസൈന്‍ എന്നിവ പൂര്‍ത്തിയാക്കും. സപ്തംബറില്‍ തന്നെ തറക്കല്ലിടാന്‍ പാകത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ജൂലൈ നാലിന് കലക്ടറേറ്റില്‍ യോഗം ചേരാനും തീരുമാനമായി.
മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് ജൂലൈ ആദ്യവാരത്തില്‍ തന്നെ സമര്‍പ്പിക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്ത് മട്ടന്നൂര്‍ താലൂക്ക് ആശുപത്രി വികസിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം ഇരിട്ടി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തിലെ വിനോദസഞ്ചാര വികസനത്തിനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശത്തെ ടൂറിസ്റ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലുള്‍പ്പെട്ട നായിക്കാലി ദ്വീപിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജയലക്ഷ്മി എം.വി, ഹൗസിംഗ് ബോര്‍ഡ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശശീന്ദ്രന്‍ എ, മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ടി.വി, മട്ടന്നൂര്‍ മുനിസിപ്പല്‍ സെക്രട്ടറി എം സുരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!