നടന്‍ മമ്മൂട്ടിസി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥി…?

സി.പി.എമ്മിന്റെ പരിഗണനയിലുള്ള രാജ്യസഭാ സ്ഥാനാര്‍ഥി  നടന്‍ മമ്മൂട്ടിയെന്ന്‍ അഭ്യൂഹം.
കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ വിജയം നേടാനുള്ള അംഗബലം നിയമസഭയില്‍ എല്‍.ഡി.എഫിനുണ്ട്‌. അവ സി.പി.എമ്മും സി.പി.ഐയും പങ്കിടും. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി നിര്‍ണയം തര്‍ക്കത്തിലാണ്‌. 21 നാണു തെരഞ്ഞെടുപ്പ്‌. സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ യോഗത്തിന്റെ പ്രധാന പരിഗണനാ വിഷയം രാജ്യസഭാ സ്‌ഥാനാര്‍ഥി നിര്‍ണയമായിരുന്നു. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ ബിനോയ്‌ വിശ്വത്തെയാണു നിര്‍ദേശിച്ചത്‌.
വെള്ളിയാഴ്‌ച ചേരുന്ന യോഗത്തിലാകും സി.പി.എമ്മിന്റെ സ്‌ഥാനാര്‍ഥി നിര്‍ണയം. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ്‌ ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്‌ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്‌. രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ്‌ ഗോപി. ചാലക്കുടിയില്‍നിന്ന്‌ ഇടതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ ഇന്നസെന്റ്‌ ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക്‌ അനുകൂലമാണ്‌.
മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം. നേതൃത്വവുമായും അടുത്ത ബന്ധമുള്ള മമ്മൂട്ടി മുമ്പേ സി.പി.എം. സഹയാത്രികനാണ്‌. സി.പി.എമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ്‌. ഡി.വൈ.എഫ്‌.ഐയുടെയും മറ്റും വേദികളിലെത്തി രാഷ്‌ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്‌.
പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം പരിമിതമായ നിലയ്‌ക്ക്‌ രാജ്യസഭയിലേക്കു സജീവ രാഷ്‌ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ.

error: Content is protected !!