കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മദ്രസകൾ നിയന്ത്രിക്കാനൊരുങ്ങുന്നു ; അഫിലിയേഷൻ നിർബന്ധമാക്കും
വിദ്യാഭ്യാസ നിലവാരം ഉയർത്താനാണെന്ന വിശദീകരണത്തോടെയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം രാജ്യത്തെ മദ്രസകൾ നവീകരിക്കാൻ നടപടി സ്വീകരിക്കുന്നത് . ഇതിനായി മദ്രസാ വിദ്യാഭ്യാസ പദ്ധതി(എസ്.പിക്യൂ.ഇ.എം) നടപ്പാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.എല്ലാ മദ്രസകൾക്കും അഫിലിയേഷൻ നിർബന്ധമാക്കും. മദ്രസ ബോർഡുകളിലോ സംസ്ഥാന ബോർഡുകളിലോ അഫിലിയേഷൻ വേണം.ശാസ്ത്രം, കണക്ക്, ഭാഷ, സാമൂഹ്യപാഠം തുടങ്ങിയ വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നൽകാനും സർക്കാർ പദ്ധതി ലക്ഷ്യമിടുന്നു. മദ്രസ അധ്യാപകർക്ക് ഭേദപ്പെട്ട പ്രതിഫലം ലഭ്യമാക്കുമെന്നും എസ്.പിക്യൂ.ഇ.എം പറയുന്നു.
അതേസമയം കേന്ദ്രസർക്കാരിന്‍റെ നീക്കം മദ്രസകളുടെ സ്വതന്ത്രപ്രവർത്തനം അവസാനിപ്പിക്കാനാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.അഫിലിയേഷൻ നിർബന്ധമാക്കി മദ്രസകളെ നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.സംസ്ഥാന സർക്കാരുകൾ നൽകുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ച് ആയിരിക്കും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഭാവി നടപടികൾ സ്വീകരിക്കുക. മദ്രസകളെ ജി പി എസ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനും നീക്കമുണ്ട്. കഴിഞ്ഞ വർഷം തന്നെ ഇതുസംബന്ധിച്ച നിർദേശം സർക്കാർ നൽകിയിരുന്നു. എന്നാൽ ഒരു വിഭാഗം മദ്രസകൾ സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.