കർണാടകയിൽ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
കർണാടകയിൽ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ജെഡിഎസിൽനിന്ന് 10 പേരടക്കം പുതുതായി 22 അംഗങ്ങളെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, എൻ.എച്ച്. ശിവശങ്കർ റെഡ്ഡി, ജെഡിഎസ് നേതാക്കളായ എച്ച്.ഡി. രേവണ്ണ, ജി.ടി. ദേവെഗൗഡ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തവരിൽ പ്രമുഖർ. ഭാവിയിലെ അസംതൃപ്തർക്കായി കുറച്ചു സീറ്റുകൾ ഒഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരും ചേരുമ്പോൾ മന്ത്രിസഭയുടെ അംഗബലം 24 ആകും.
മുഖ്യമന്ത്രിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണയാണു ഗവർണർ വാജുഭായ് വാല മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആർ.വി. ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുർ, ഡി.കെ. ശിവകുമാർ, ജി.ടി. ദേവെഗൗഡ, കെ.ജെ. ജോർജ്, കൃഷ്ണ ബൈരെഗൗഡ, ഡി.സി. തമണ്ണ, എൻ.എച്ച്. ശിവശങ്കർ റെഡ്ഡി, എസ്.ആർ. ശ്രീനിവാസ്, പ്രിയങ്ക് ഖാർഗെ, സി.എസ്. പുട്ടരാജു, യു.ടി. അബ്ദുൽ ഖാദർ, ബി.ഇസെഡ്. സമീർ അഹമ്മദ് ഖാൻ, ശിവാനന്ദ് പാട്ടീൽ, വെങ്കടരാമണപ്പ, രാജ്ശേഖർ ബസവരാജ് പാട്ടീൽ, സി. പുട്ടരംഗ ഷെട്ടി, ആർ. ശങ്കർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ജയമാല രാമചന്ദ്രയാണു (കോൺഗ്രസ്) മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. ഉത്തർപ്രദേശിനു പുറത്ത് പാർട്ടിയുടെ ആദ്യ മന്ത്രിയെന്ന ബഹുമതി എൻ. മഹേഷിലൂടെ ബിഎസ്പി സ്വന്തമാക്കി. ഏറെ തർക്കങ്ങൾക്കൊടുവിലാണു കോൺഗ്രസ് – ജെഡിഎസ് വകുപ്പു വിഭജനം പൂർത്തിയായത്.