കെവിന്‍റെ കൊലപാതകം : പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി,മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുൻ പോലീസ് മേധാവിക്കെതിരെ വകുപ്പുതല അന്വേഷണം

കെവിൻ കൊലപാതക കേസിൽ ഗാന്ധിനഗർ പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഗിരീഷ് പി.സാരഥിക്കു പകരം ചങ്ങനാശേരി ഡിവൈഎസ്പി എസ്.ശ്രീകുമാറിനാണ് അന്വേഷണ ചുമതല.

കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുൻ പോലീസ് മേധാവി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം. കെവിൻ കൊല്ലപ്പെട്ടതിന്‍റെ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയോട് അന്വേഷിച്ചിരുന്നു. കേസിന്‍റെ അന്വേഷണം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നതായി എസ്പി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് കേസ് അന്വേഷിക്കാൻ ഡിവൈഎസ്പിയോട് എസ്പി നിർദ്ദേശിച്ചത്.

അതേസമയം, കേസിൽ താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും മുൻ എസ്പി മുഹമ്മദ് റഫീഖ് മാധ്യമങ്ങളോടു പറഞ്ഞു. ‘പൊലീസുകാരടക്കം വിവരങ്ങൾ മറച്ചുവച്ചു. കേസിനെക്കുറിച്ച് ആരും തന്നോടു നേരത്തേ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചോദിക്കുന്നതിനു തൊട്ടുമുൻപാണു വിവരം അറിഞ്ഞത്. ഡിവൈഎസ്പിയോട് അന്വേഷിക്കാൻ നിർദേശം നൽകിയെന്നു മുഖ്യമന്ത്രിയെ താന്‍ അറിയിച്ചു’– മുഹമ്മദ് റഫീഖ് പറഞ്ഞു.

കെവിൻ മരണപ്പെട്ട സമയത്ത് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ്, നീനുവിന്റെ അമ്മയുടെ ബന്ധുവാണെന്നും ഇദ്ദേഹത്തിനു കേസിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും അറസ്റ്റിലായ എഎസ്ഐ ബിജുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി.

error: Content is protected !!