കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരേ കലാപക്കൊടിയുയർത്തിയ യുവനേതാക്കളെ പിന്തുണച്ച് കെ.സുധാകരന്
കോണ്‍ഗ്രസിൽ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. യുവനേതാക്കൾ പരസ്യവിമർശനങ്ങളിൽനിന്ന് പിൻമാറണമെന്നാണു താൻ ആഗ്രഹിക്കുന്നതെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടതു പാർട്ടി ഫോറങ്ങളിലാണെന്നും കൊച്ചിയിൽ മാധ്യമങ്ങളെ കാണവെ സുധാകരൻ പറഞ്ഞു.
രാജ്യസഭാ സീറ്റിലേക്കു പി.ജെ.കുര്യനെ തുടർച്ചയായി പരിഗണിക്കുന്നതിനെതിരേയും കോണ്‍ഗ്രസിൽ തലമുറമാറ്റം ആവശ്യപ്പെട്ടും നിരവധി യുവനേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. കെഎസ്യു സ്ഥാപകദിനാഘോഷ വേദിയിൽ നേതാക്കളെ ഇരുത്തി കെഎസ്യു പ്രസിഡന്റ് കെ.എം അഭിജിത്താണ് നേതൃത്വത്തിനെതിരേ വിമർശനങ്ങൾക്കു തുടക്കമിട്ടത്. ഇതിനു പിന്നാലെ വി.ടി.ബൽറാം, ഷാഫി പറന്പിൽ എന്നീ യുവ എംഎൽഎമാർ നേതൃത്വത്തിനെതിരേ പരസ്യമായി ഫേസ്ബുക്കിൽ നിലപാടെടുത്തു.
വിഷമവൃത്തത്തിൽ തുടരുന്ന കോണ്‍ഗ്രസിനെ കൂടുതൽ കുരുക്കിലേക്കു തള്ളിവിട്ട് ഞായറാഴ്ചയും യുവനേതാക്കൾ നിലപാട് പരസ്യമാക്കി രംഗത്തെത്തി. മരണം വരെ പാർലമെൻറിലോ അസംബ്ലിയിലോ ഉണ്ടാവണമെന്ന് നേർച്ചയുള്ള ചില നേതാക്കളാണ് പാർട്ടിയുടെ ശാപമെന്നും റോജി എം. ജോണ്‍ കുറ്റപ്പെടുത്തിയപ്പോൾ, രാജ്യസഭയെ വൃദ്ധസദനമായി കണക്കാക്കരുതെന്നും യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്ന് ഹൈബി ഈഡൻ എംഎൽഎ തുറന്നടിച്ചു.