ജെസ്നയുടെ തിരോധാനം : കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, മുൻ മന്ത്രിയും എംഎൽഎയുമായ അടൂർ പ്രകാശ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.
സംസ്ഥാനത്തെ പോലീസിനെ കൊണ്ട് ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലെന്ന് മാർച്ചിൽ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് നിഷ്ക്രിയമായാണ് പ്രവർത്തിക്കുന്നത്. ജെസ്നയെ കാണാതായി മൂന്ന് മാസമായിട്ടും കേസിൽ ഒരു തുന്പുപോലും കണ്ടെത്താൻ പോലീസിനായില്ല. ലോക്കൽ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജെസ്നയുടെ കുടുംബവും മാർച്ചിൽ പങ്കെടുത്തു. പിതാവും സഹോദരനും സഹോദരിയുമാണ് പ്രതിഷേധത്തിൽ അണിനിരന്നത്. പോലീസ് അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കുടുംബം പ്രതികരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.