ജമ്മു കാഷ്മീരിൽ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞു ; മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി രാജിവെച്ചു.
ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി രാജിവെച്ചു. മുഫ്തി ഗവർണർ എന്‍.എന്‍.വോറയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി അറിയിച്ചു. പിഡിപി അടിയന്തര നേതൃയോഗം ചേര്‍ന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമാണ് ഡൽഹിയിൽ 25 എംഎൽഎമാരുമായുള്ള യോഗം നടന്നത്. പിന്നാലെ മന്ത്രിസഭയിൽ നിന്ന് ബിജെപി മന്ത്രിമാർ രാജിവെച്ചു.പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. കാഷ്മീരിൽ ഭീകരവാദവും കലാപവും വർധിച്ച് വരുകയാണ്. മൗലീകാവകാശങ്ങൾ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും മാധവ് കൂട്ടിച്ചേർത്തു.
2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കാഷ്മീരിലെ 89 അംഗ നിയമസഭയിൽ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. അതേസമയം, നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം അംഗങ്ങളുണ്ട്.