ആറു ജില്ലകളിൽ റെഡ് അലേർട്ട് ; ജൂൺ 18 വരെ ശക്തമായ മഴ
സംസ്ഥാനത്ത് ജൂൺ 18 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.ഇതേ തുടർന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട്, പാലക്കാട് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത് അസാധാരണ മഴയാണ്. മഞ്ചേരിയിൽ 24 സെ.മീ., നിലമ്പൂർ 21 സെ.മീ., കരിപ്പൂർ 20സെ.മീ മഴ രേഖപ്പെടുത്തി. അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം മൂന്നു പേര്‍ മരിച്ചു.
ഏഴ് വയസുകാരി ദിൽന ഷെറിൻ, സഹോദരൻ മുഹമ്മദ് ഷഹബാസ് (മൂന്നര), അയൽവാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകൻ എന്നിവരാണു മരിച്ചത്. തൃശൂർ കൊടുങ്ങല്ലൂർ മേത്തലയിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വയലമ്പം താണിയത്ത് സുരേഷ് (55) മരിച്ചു. പറമ്പിൽ നിൽക്കുമ്പോൾ സമീപത്തെ വീട്ടിലെ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. ഉരുൾപൊട്ടലിൽ അഞ്ചു വീടുകൾ ഈ പ്രദേശത്ത് ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായി സംശയമുണ്ട്.
അതേസമയം , കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിർദേശം നൽകി.കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.