ശക്തമായ മഴ: നാളെ ഇടുക്കി ജില്ലയിലും,കോട്ടയത്ത് മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇന്നും ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. കോട്ടയം, മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കുകളിലെ പ്രഫഷണൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ ബി.എസ്. തിരുമേനി ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു മഴ തുടരുകയാണെങ്കിലും മറ്റു ജില്ലകളിലൊന്നും ചൊവ്വാഴ്ച ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല.അംഗനവാടികള്‍ക്കും അവധി ബാധകമാണ്. ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ജൂണ്‍ 23ന് ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മൂഴിയാര്‍, കക്കാട് ജലവൈദ്യുത നിലയങ്ങളില്‍ ഉത്പാദനത്തില്‍ വ്യതിയാനം നിലനില്‍ക്കുന്നതിനാലും മൂഴിയാര്‍ ജലസംഭരണിയിലെ ജലനിരപ്പ് ഉയരാനും താഴാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാനും അടയ്ക്കാനും സാധ്യതയുണ്ട്. മൂഴിയാര്‍ മുതല്‍ സീതത്തോട് വരെയുള്ള ഭാഗത്ത് കക്കാട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.
നെയ്യാർ ഡാമിൽ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തി.അതിനാൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കരമനയാർ, കിള്ളിയാർ എന്നിവിടങ്ങളിൽ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.