ഉരുൾപൊട്ടൽ: തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചു

തലശ്ശേരി-മൈസൂർ അന്തർസംസ്ഥാന പാതയിൽ കർണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ എല്ലാതരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.

ഇതിലൂടെ ഒരു തരത്തിലുള്ള വാഹനഗതാഗവും സാധ്യമല്ലാത്തതിനാൽ റോഡ് അറ്റകുറ്റപ്പണിക്കായാണ് കുടക് ജില്ലാഭരണകൂടത്തിന്റെ നടപടി.

ഈ കാലയളവിൽ കേരളത്തിൽനിന്ന് തലശ്ശേരി വഴി കുടകിലൂടെ മൈസൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി-തോൽപ്പട്ടി-കുട്ട-ഹുഡിക്കേരി-ഗോണികൊപ്പ-തിത്തിമത്തി-മൈസൂർ റൂട്ട് ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി. കനത്ത മഴയിൽ 25ഓളം കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞും നൂറോളം മരങ്ങൾ കടപുഴകിയും പെരുമ്പാടി-മാക്കൂട്ടം റോഡ് പാടേ തകർന്നിരിക്കുകയാണ്. കഴിഞ്ഞ നാലഞ്ച് ദിവസമായി കുടക് ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്.

error: Content is protected !!