പിണറായിക്ക് പിടി വീഴുമോ? കേരളത്തിൽ പ്രത്യേക ആഭ്യന്തരമന്ത്രിക്കായി സിപിഎം കേന്ദ്രനേതൃത്വം
സംസ്ഥാനത്തു ദലിത് വിഭാഗത്തിൽ ഉൾപ്പെട്ടവർ കൊല്ലപ്പെടുന്നതുൾപ്പെടെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അഭ്യന്തര വകുപ്പിന് സ്വതന്ത്രമായ മന്ത്രി വേണമെന്ന നിലപാട് സി.പി.എം കേന്ദ്ര നേതൃത്വം സ്വീകരിച്ചത് എന്നാണ് വിവരം. ഇക്കാര്യം ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .കേരളത്തിൽ അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളിൽ ചിലത് പാർട്ടി ദേശീയതലത്തിലെടുക്കുന്ന രാഷ്ട്രീയ നിലപാടുകളെത്തന്നെ ബാധിക്കുന്നുവെന്നാണു കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.
ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിൽ അതൃപ്തിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ജോലിഭാരം കണക്കിലെടുക്കണമെന്നാണു നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രിയെ നിയോഗിക്കാൻ പൊളിറ്റ് ബ്യൂറോ നിർദേശിക്കില്ല. മുഖ്യമന്ത്രിയും സംസ്ഥാനത്തെ പാർട്ടിയുമാണു മന്ത്രിമാരുടെ ചുമതല തീരുമാനിക്കേണ്ടത് എന്നതാണു ന്യായം.
കേരളത്തിൽ പൊലീസിന്റെ പങ്കാളിത്തത്തോടെയും അല്ലാതെയുമുള്ള ദലിത് മരണങ്ങളെക്കുറിച്ചു സംസ്ഥാനത്തെ പാർട്ടിചോദിച്ചപ്പോൾ മറുപടി പറയാൻ നേതൃത്വത്തിനു കെൽപുണ്ടെന്നായിരുന്നു എന്നാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മറുപടിയെങ്കിലും അഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കേരളം പോലൊരു സംസ്ഥാനത്തു ദുരഭിമാനക്കൊലയെന്നതു ഭീതിജനകമാണെന്നാണ് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടത്.
കുറ്റകൃത്യം തടയാനുള്ള നടപടിയാണു കൂടുതൽ പ്രധാനമെന്ന വിലയിരുത്തലാണു കേന്ദ്രനേതാക്കളിൽ പലർക്കുമുള്ളത്. ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുന്നതാണ് ഉചിതമെന്നു കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോടു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പകരം നിയമിക്കാൻ ആളില്ലെന്നായിരുന്നു അന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഇപ്പോൾ അതേ ആവശ്യം ഉന്നയിച്ചാൽ വ്യത്യസ്തമായ മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്നാണു നേതാക്കൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന പൊലീസിന്റെ വീഴ്ചകൾ വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെ ആദ്യന്തര വകുപ്പിന് പുതിയ മന്ത്രി വേണമെന്ന അഭിപ്രായം പാർട്ടിയിൽ തന്നെ ശക്തമാവുകയാണ്.