മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന; അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകും
കേരളത്തിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭ പുനഃസംഘടനക്ക് ശേഷം മതിയെന്ന് ദേശീയ നേതൃത്വത്തിൽ ധാരണ. വി.മുരളീധരന്‍റെ ഉൾപ്പടെയുള്ളവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെങ്കിലും ചര്‍ച്ചകൾ പിന്നീട് മതിയെന്നാണ് പാര്‍ടി അദ്ധ്യക്ഷൻ അമിത്ഷാ നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
കുമ്മനം രാജശേഖരൻ മിസോറാം ഗവര്‍ണറായി പോയ സാഹചര്യത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആരാകും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കുമ്മനത്തെ മാറ്റിയപ്പോൾ പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കുംവരെ ആര്‍ക്കെങ്കിലും ചുമതല നൽകിയിട്ടുമില്ല.
വി.മുരളീധരൻ, ശ്രീധരൻപിള്ള ഉൾപ്പടെ നിരവധി പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ എത്തിയെങ്കിലും ഇക്കാര്യത്തിൽ ഇപ്പോൾ ഒരു ചര്‍ച്ചയും വേണ്ടെന്നാണ് ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
ജൂലായ്-ആഗസ്റ്റ് മാസങ്ങളിലായി കേന്ദ്ര മന്ത്രിസഭ പുനഃസംഘടനക്ക് സാധ്യതയുണ്ട്. മോദി മന്ത്രിസഭയിലെ അവസാന പുനഃസംഘടനയാകും ഇത്. പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനത്തിന് മുമ്പോ ശേഷമോ ആകാം പുനസംഘടന. തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ രാജ്യസഭ അംഗമായ വി.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത ദേശീയ നേതാക്കൾ പരിശോധിക്കുന്നുണ്ട്.
കേരളത്തിനൊപ്പം രാജസ്ഥാനിലും സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കേണ്ടതുണ്ട്. പുനസംഘടനയ്ക്ക് ശേഷം പുതിയ സംസ്ഥാന അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. ഇതോടെ കേരളത്തിലെ അദ്ധ്യക്ഷനെ നിയമിക്കുന്നത് ഒരുപക്ഷെ മാസങ്ങൾ നീണ്ടുപോകുമെന്നുതന്നെയാണ് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള നേതാക്കൾ നൽകുന്ന സൂചന.
കുമ്മനം രാജശേഖരനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് പെട്ടെന്ന് നീക്കി ഗവര്‍ണറായി നിയമിച്ചതിൽ ആര്.എസ്.എസിനുള്ള അതൃപ്തിയും ഇതുവരെ പരിഹരിച്ചിട്ടില്ല. പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വവുമായുള്ള അസ്വരാസ്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ തന്നെ ചര്‍ച്ചകൾ നടത്തുമെന്നാണ് സൂചന.