മകളുടെ മൊഴിയും രേഖയും വ്യത്യസ്തം; പട്ടിയെ കല്ലെറിഞ്ഞെന്ന പരാതിയുമായി എഡിജിപി

പൊലീസ് ഡ്രൈവർ ഗവാസ്കറിനെ അക്രമിച്ച കേസിൽ ആശുപത്രി രേഖയും എഡിജിപിയുടെ മകളുടെ മൊഴിയും തമ്മില്‍ വ്യത്യാസം. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്‍റെ കാരണം ഒാട്ടോ ഇടിച്ചതെന്നാണ് ആശുപത്രിരേഖ.

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസിനെ തുടര്‍ന്നു നടപടി നേരിട്ടപ്പോളൊന്നും പറയാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണു കേസ് ഹൈക്കോടതിയിൽ എത്തിയതിനു പിന്നാലെ നല്‍കിയ പരാതിയിലുള്ളത്. ഗവാസ്കര്‍ക്കു പരുക്കേറ്റതു തന്റെ മകള്‍ മര്‍ദിച്ചിട്ടല്ല. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടത്തില്‍പെട്ടതാവാം. പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണു ഗവാസ്കറുടെ പരാതി. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ് കുമാർ പരാതിപ്പെട്ടു. ഗവാസ്കര്‍ അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു സുദേഷ് കുമാറിന്റെ മകളും പരാതി നല്‍കി.

ഇതിനിടെ, പുതിയ പരാതിയുമായി എഡിജിപി രംഗത്തെത്തി. തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന സുദേഷ് കുമാറിന്റെ പരാതിയില്‍ പൊലീസ് ഉടനടി കേസെടുത്തു. നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണു ഗവാസ്കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്നാണു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നല്‍കിയ പരാതിയില്‍ എഡിജിപി ആരോപിച്ചത്. എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്കറെ ജൂലൈ നാലുവരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

error: Content is protected !!