കോട്ടയത്ത് ഇന്നലെ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി
മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച നിലയിൽ. മാന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയില്‍ കെവിന് (23) ആണ് മരിച്ചത്. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെൺകുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അർധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് പരാതി. ബന്ധുകളുടെ പരാതിയിൽ പോലീസ് കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്നും പരാതികൾ ഉയരുന്നുണ്ട്.
അതേസമയം കേസെടുക്കുന്നതിൽ ഗാന്ധിനഗർ എസ്എെക്ക് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചു. പരാതിയിൽ കൃത്യസമയത്ത് കേസെടുത്തില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. കെവിൻ മാന്നാനത്ത് ബന്ധുവിട്ടിലുമായിരുന്നു. പെൺകുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളിൽ എത്തിയാണ് വീട്ടിൽ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വധുവിന്റെ സഹോദരനാണെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം.
പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
സംഭവത്തിൽ പോലീസ് മനപൂർവം അന്വേഷണം വൈകിപ്പിച്ചെന്നും കെവിന്റെ ബന്ധുക്കളും ഭാര്യയും ആരോപിച്ചിരുന്നു.