നവവരനെ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം : എസ്ഐയ്ക്കും എഎസ്ഐയ്ക്കും സസ്‌പെന്‍ഷന്‍

കോട്ടയത്തെ കെവിൻ പി.ജോസഫിന്റെ മരണത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച.കെവിന്റെ ഭാര്യ നീനു ചാക്കോ പരാതി നൽകിയെങ്കിലും കോട്ടയം ഗാന്ധിനഗർ പൊലീസ് ഇത് അവഗണിച്ചെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബുവിനെ ഐജി വിജയ് സാഖറെ സസ്പെൻഡ് ചെയ്തു. നടപടി വൈകിച്ചതിനാണ് ശിക്ഷാനടപടി. മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്പി പി.എ. മുഹമ്മദ് റഫീഖിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

ഇതുസംബന്ധിച്ച് ഡിവൈഎസ്പി കോട്ടയം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് എസ്പി ഡിജിപിക്ക് കെെമാറി. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ നടപടിയെടുത്തത്. അന്വേഷണ വിധേയമായിട്ടാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെന്ന് ഡിവൈഎസ് പി കണ്ടെത്തി. പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രതികളില്‍നിന്ന് എസ്ഐ പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പിയും അന്വേഷിക്കുന്നുണ്ട്. അതിനിടെ, മരിച്ച കെവിന്റെ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവിന്റെ വീടു സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭർത്താവിന്റെ മരണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കെവിനെ, ഭാര്യ നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ പത്തംഗ സംഘമെത്തി തട്ടിക്കൊണ്ടുപോയത്. കെവിന്റെ ബന്ധു അനീഷിനെയും സംഘം വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും മർദ്ദിച്ചശേഷം റോഡിൽ ഉപേക്ഷിച്ചു.

രാവിലെ ആറുമണിക്ക് കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗർ സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. തട്ടിക്കൊണ്ടുപോയവരോടു എസ്ഐ ഫോണിൽ സംസാരിക്കുകയായിരുന്നെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പൊലീസ് പറഞ്ഞതായി ജോസഫ് ആരോപിച്ചു.

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായെത്തിയ ഭാര്യയോടു പൊലീസ് പറഞ്ഞത് ഇങ്ങനെ: ‘ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം.’ പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കെവിന്റെ ഭാര്യ നീനു പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. 11 മണിയോടെയാണു നീനു സ്റ്റേഷനിലെത്തിയത്. എന്നാൽ, പൊലീസ് പരാതി വാങ്ങിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വൈകിട്ട് കേസെടുത്തു. ആക്രമണത്തിനിരയായ അനീഷ് നൽകിയ മൊഴി അനുസരിച്ചായിരുന്നു കേസ്.

error: Content is protected !!