ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും; മരണസംഖ്യ 109 ആയി. ഇരുന്നൂറിലധികം ആളുകൾക്കു പരുക്കേറ്റു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതൽ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു. മരണസംഖ്യ കൂടിയേക്കുമെന്നാണു റിപ്പോർട്ടുകൾ.

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നാലു ജില്ലകളിലായി 73 പേർ മരിച്ചെന്നാണു വിവരം. ആഗ്ര, സഹരൻപുർ, ബറേലി എന്നിവിടങ്ങളിലാണ് കൂടുതൽ അപകടവും മരണവും. രാജസ്ഥാനിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേർക്കു പരുക്കേറ്റു. സംസ്ഥാനത്തിന്റെ കിഴക്കൻ പ്രദേശത്താണു കാറ്റ് ദുരിതം വിതച്ചത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ പിഴുതെറിയപ്പെടുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. അടുത്ത 48 മണിക്കൂർ സമാനമായ സാഹചര്യം നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

രാജസ്ഥാനിലെ അല്‍വാര്‍, ധോൽപുർ, ഭരത്‍പുര്‍ ജില്ലകളിൽ കഴി‍ഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽപ്പെട്ടു മറിഞ്ഞുവീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണു മരണങ്ങളേറെയും. മിക്ക ജില്ലകളിലും ബുധനാഴ്ച രാത്രി മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ട്. പ്രശ്നബാധിത സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോടു നിർദേശിച്ചു.

error: Content is protected !!