പിണറായി വിജയൻ പാർട്ടിയുടെ മുഖ്യമന്ത്രിയല്ലെന്ന് ബിപ്ലവ് കുമാർ ദേവ് : ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും ബിപ്ലവ് കുമാർ
പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ത്രിപുര മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ത്രിപുരയിലും കേരളത്തിലും സിപിഎം ഒരുപോലെയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ പറഞ്ഞു. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിപ്ലബ്.ത്രിപുര സർക്കാർ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും ബിപ്ലവ് കുമാർ അറിയിച്ചു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോഴാണ് ബിപ്ലബ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത്. ബിജെപി നേതാക്കളോടൊപ്പമായിരുന്നു സന്ദര്‍ശനം.നാടിന്റെ വികസനമല്ല, പാര്‍ട്ടിയുടെ വളര്‍ച്ചയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിണറായി വിജയന് മരണത്തിലും രാഷ്ട്രീയം കാണുന്നത്കൊണ്ടാണ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത്. ദേശീയ വിഷയങ്ങളില്‍ ഇടപെടുന്ന സിപിഎം സ്വന്തം നാട്ടിലെ പ്രശ്നങ്ങളില്‍ ഇടപെടാറില്ല. സിപിഎം ദളിത് വിരുദ്ധ പാര്‍ട്ടിയാണ്. മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാരും പോകുന്നത്. ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്നത് പോലെ കേരളത്തിലും സിപിഎം ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമല്ല ചെങ്ങന്നൂരിലുണ്ടാകുകയെന്നും ബിപ്ലബ് പറഞ്ഞു.
പിണറായി വീട് സന്ദര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഇന്നലെയാണ് ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചത്.