സിറിയയില്‍ രസയുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്

സിറിയയില്‍ വീണ്ടും ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം 70 പേര്‍ ഒറ്റ ദിവസം കൊണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവിധ സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റവരുടെയും ശ്വാസം മുട്ടി മരിച്ചവരുടെയും ഭയനാകമായ നിരവധി ചിത്രങ്ങള്‍ ദ വൈറ്റ് ഹെല്‍മെറ്റ്സ് എന്ന സിറിയന്‍ ഡിഫന്‍സ് സംഘം ട്വീറ്റ് ചെയ്തു. 500ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

സിറിയയില്‍ ദുമയിലാണ് വിഷവാതകങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലും ഭുഗര്‍ഭ അറകളിലും കഴിഞ്ഞുകൂടിയിരുന്ന നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റവരെ സന്നദ്ധ സംഘടകള്‍ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റുകയാണ്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് കുട്ടികളുടെ അടക്കമുള്ള മൃതദേഹങ്ങള്‍.

സിറിയയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയാനകമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍മെന്റ് വക്താവ് ഹെതര്‍ നുവെര്‍ട്ട് പറഞ്ഞു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്. റഷ്യയുടെ സഹായത്തോടെ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് നടത്തുന്ന രാസായുധ ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന വാര്‍ത്ത സിറിയന്‍ ഔദ്ദ്യോഗിക മാധ്യമങ്ങള്‍ നിഷേധിച്ചു. ദൂമയിലെ വിമതര്‍ തെറ്റായ വാര്‍ത്തകളുണ്ടാക്കുന്നുവെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.

error: Content is protected !!