സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്ന്‍

സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരടു രാഷ്ട്രീയപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഇന്നു തുടങ്ങും.
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്നലെ നിലപാടുകളുടെ ഏറ്റുമുട്ടലാണ് കണ്ടത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന വിശദീകരണം കരടു രാഷ്ട്രീയ നിലപാടിന് പ്രകാശ് കാരാട്ട് നല്‍കിയപ്പോള്‍ സിസിയിലെ ന്യൂനപക്ഷ കാഴ്ചപ്പാട് സീതാറാം യെച്ചൂരി അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് അടവു നയവും രാഷ്ട്രീയ പ്രമേയവും കൂട്ടിക്കുഴയ്‌ക്കേണ്ട എന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്. കോണ്‍ഗ്രസ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന നിലപാട് കാരാട്ട് ആവര്‍ത്തിച്ചു. സീതാറാം യെച്ചൂരി അവതരിപ്പിക്കുന്നത് ബദല്‍ രേഖയല്ല ന്യൂനപക്ഷ നിലപാടാണ് എന്ന് പാര്‍ട്ടി കോണ്‍ഗ്രസിനകത്ത് വ്യക്തമാക്കിയ കാരാട്ട് പുറത്തും ഈ നിലപാട് ആവര്‍ത്തിച്ചു

തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമം തള്ളിക്കളയാനാണ് സീതാറാം യെച്ചൂരി ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ പലപ്പോഴും അടവു നയം സ്വീകരിക്കേണ്ടി വരും. കോണ്‍ഗ്രസുമായി ഒരു സഖ്യവും ആവശ്യമില്ല. എന്നാല്‍ ധാരണയും വേണ്ടെന്ന് എഴുതിവയ്‌ക്കേണ്ടതുണ്ടോ എന്ന് യെച്ചൂരി ചോദിച്ചു.

ഭിന്നതയ്ക്ക് പകരം പാര്‍ട്ടി ഒരു യോജിപ്പിന്റെ പാതയിലെത്തണം എന്ന അഭ്യര്‍ത്ഥനയും യെച്ചൂരി മുന്നോട്ടു വച്ചു. കേരളത്തില്‍ നിന്ന് പി രാജീവ്, കെഎന്‍ ബാലഗോപാല്‍, കെകെ രാഗേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണ്ണമായും കേരളം പിന്തുണയ്ക്കും. സീതാറാം യെച്ചൂരി ഇന്ന് വാര്‍ത്താസമ്മേളനവും നടത്തുന്നുണ്ട്. വൈകിട്ട് പൊതു ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കരടു രാഷ്ട്രീയ നിലപാടിന്റെ ഗതിയെന്താവുമെന്ന് അറിയാം.

error: Content is protected !!