ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തണമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം. ഇതിനുവേണ്ടി സാമൂഹിക മുന്നേറ്റംതന്നെ ഉണ്ടാകണമെന്നും അദേഹം പറഞ്ഞു. മധ്യപ്രദേശിലെ മാണ്ട്ല ജില്ലയിലെ റാംനഗറില്‍ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വ്യക്തമാക്കുന്നത്.
വധശിക്ഷ തന്നെ നല്‍കണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മുന്നോട്ടുവച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ അഭിപ്രായം മാനിച്ച് തീരുമാനമെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. അതുകൊണ്ടാണ് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ഏപ്രില്‍ 12 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഒപ്പുവച്ചതോടെ ഇത് നിയമമായിരുന്നു.

error: Content is protected !!