തുഷാര്‍ വെള്ളാപ്പള്ളിയെ പറഞ്ഞു പറ്റിച്ച് ബിജെപി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയോട് ഇടഞ്ഞ് നിന്ന ബിഡിജെഎസിനെ കൂടെ നിര്‍ത്താന്‍ പരിശ്രമിക്കുകയാണ് ബിജെപി. ഏറ്റവുമൊടുവില്‍ യുപിയില്‍ നിന്നുള്ള അംഗമായി തുഷാറിനെ രാജ്യസഭയില്‍ എത്തിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ന് ബിജെപി പ്രഖ്യാപിച്ച രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തുഷാര്‍ ഇടം പിടിച്ചിട്ടില്ല.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, മാനവിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവേഡ്ക്കര്‍ അടക്കം എട്ടു കേന്ദ്രമന്ത്രിമാരെയാണ് രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്.
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന അരുണ്‍ ജയ്റ്റ്ലിയെ ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്ന് ഭൂപേന്ദര്‍ യാദവിനെയുമാണ് നാമനിര്‍ദ്ദേശം ചെയ്തത്. ബിഹാറില്‍ നിന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനിനെയും മഹാരാഷ്ട്രയില്‍ നിന്ന് പ്രകാശ് ജവേഡ്ക്കറിനെയുമാണ് തെരഞ്ഞെടുത്തത്. ആരോഗ്യ മന്ത്രി ജെ പി നഡ്ഡയെ ഹിമാചല്‍ പ്രദേശില്‍ നിന്ന് നിര്‍ദ്ദേശിച്ചു. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, തവാര്‍ ചന്ദ് ഗെലോട്ട് എന്നിവരുള്‍പ്പെടെ ആറു പേര്‍ മാര്‍ച്ച് 23ന് രാജ്യസഭയിലേക്ക് മത്സരിക്കും.
എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പല തവണ രംഗത്തു വന്നിരുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും തുഷാറും ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിച്ചിരുന്നു.
അതേ സമയം ഇന്നലെ തന്നെ രാജ്യസഭാ സീറ്റ് നല്‍കുന്നതായുള്ള വാര്‍ത്തകള്‍ തുഷാര്‍ വെള്ളാപ്പള്ളി നിരാകരിച്ചിരുന്നു. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദേഹംഅറിയിച്ചു.