ചന്ദന മുട്ടികളുമായി 2 പേർ പിടിയിൽ
കാഞ്ഞങ്ങാട് നിന്നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 15.06കിലോ ചന്ദനമുട്ടികളുമായി രണ്ടു പേരെ വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്. കിനാനൂർ-കരിന്തളം ബിരിക്കുളം നെല്ലിയാരയിലെ കെ.കരുണാകരൻ(43), പരപ്പ മൂലപ്പാറയിലെ കെ.ബാലൻ(42) എന്നിവരെയാണ് കാഞ്ഞങ്ങാട് വനംവകുപ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കരുണാകരന്റെ നെല്ലിയാരയിലെ വീട്ടിൽ ചന്ദനമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഇവയ്ക്ക് വിപണിയിൽ 25,000ലേറെ രൂപ വില വരുമെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.മധുസൂദനൻ, ബീറ്റ് ഓഫീസർമാരായ സി.വിജയകുമാർ, എം.ഹരി, പ്രീതിമോൾ, അനശ്വര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ രണ്ടു പേരെയും റിമാൻഡ് ചെയ്തു.