മുംബൈക്ക് പിന്നാലെ യുപിയിലും ചലോ ലക്നൌ മാര്‍ച്ച്‌ ഇന്ന് തുടങ്ങും

മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷകപ്രക്ഷോഭം ഇന്ന് ഉത്തര്‍പ്രദേശിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ‘ചലോ ലക്നൗ’ എന്ന പേരില്‍ കര്‍ഷകര്‍ ഇന്നു തലസ്ഥാനനഗരിയിലേക്കു മാര്‍ച്ച് നടത്തും. കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്‍റെ ഭാഗമായി യുപി കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാർച്ച്. അറുപത് ജില്ലകളിൽനിന്നുള്ള ഇരുപതിനായിരത്തോളം കർഷകരാണു മാർച്ചിൽ പങ്കെടുക്കുന്നത്.

കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണഅ കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് വന്‍ റാലി നടത്തുന്നത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ചലോ ലഖ്‌നൗ മാര്‍ച്ചിലൂടെ കര്‍ഷകര്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ലഖ്‌നൗവിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിവേദനം കൈമാറും. അതേസമയം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ യുപിയിലും കര്‍ഷകപ്രക്ഷോഭം ഉയരുന്നത് ബിജെപിക്ക് കടുത്തവെല്ലുവിളിയാകും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകപ്രക്ഷോഭം തുടരും. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തോല്‍വിയാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. ഈ പശ്ചാത്തലത്തില്‍ ബഹുജന റാലി കൂടി സര്‍ക്കാരിനെതിരെ നടത്തപ്പെടുമ്പോള്‍ പാര്‍ട്ടി ആശങ്കയിലാണ്.

error: Content is protected !!