കീഴാറ്റൂരില്‍ വയല്‍ക്കിളികളും സിപിഎമ്മും നേര്‍ക്ക് നേര്‍

കീഴാറ്റൂരിലെ ഭൂമിസമരത്തില്‍ നേരിട്ടുള്ള പോരിലേക്ക് സിപിഎമ്മും വിമതപക്ഷമായ വയല്‍ക്കിളികളും. പ്രദേശത്ത് ബൈപ്പാസ് പദ്ധതിയെ അനുകൂലിച്ചു കൊണ്ട് ഇന്ന് സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. അതേസമയം കീഴാറ്റൂരില്‍ ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാന്‍ ജില്ല ഭരണകൂടം തിരക്കിട്ട ചര്‍ച്ചയില്‍. സംഘര്‍ഷം ഒഴിവാക്കാന്‍ കീഴാറ്റൂര്‍ മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചേക്കും.ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം തുടങ്ങുന്നത് ഞായറാഴ്ചയാണ്. അന്ന് ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പില്‍നിന്ന് കീഴാറ്റൂരിലേക്ക് 2000 പേരെ അണിനിരത്തി മാര്‍ച്ച് നടത്തും.

കൂട്ടായ്മയുടെ ഭാഗമായി സ്ഥലത്ത് കാവല്‍പ്പുര കെട്ടുകയും ചെയ്യും. അതേസമയം പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് സമരം കൂടുതല്‍ വിപുലപ്പെടുത്താനാണ് വയല്‍ക്കിളികളുടെ നീക്കം.

ദേശീയ പാത ബൈപാസിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ ആശയപരമായി പല തവണ പ്രതിരോധിച്ചു മടങ്ങിയ സിപിഎം ഇനിയവരെ തെരുവില്‍ തന്നെ നേരിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സമരസമിതിയും കാവല്‍പ്പുരയും രൂപീകരിച്ച തുടര്‍ന്നുള്ള ദിവസങ്ങളില്‍ വയല്‍ക്കിളികളെ മുഖാമുഖം നേരിടാനാണ് പാര്‍ട്ടി തീരുമാനം. കീഴാറ്റൂരില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് സമരത്തിനൊരുങ്ങുമ്പോള്‍ സിപിഎമ്മിന്റെ നിലപാട്

പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയസമര നേതാക്കളും പങ്കെടുക്കുന്ന കേരളം കീഴാറ്റൂരിലേക്ക് എന്ന പരിപാടിയുടെ തയ്യാറെടുപ്പിലാണ് വയല്‍ക്കിളികള്‍. ഞായറാഴ്ച്ചയാണ് ഈ പരിപാടി. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ഒരു ദിവസം മുന്‍പേ കാവല്‍പ്പുരകെട്ടി സിപിഎം നടത്തുന്നത്. സിപിഎമ്മിന്റേയും വയല്‍ക്കിളികളുടേയും സമരപരിപാടികള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുമ്പോള്‍ കനത്ത പൊലീസ് കാവലിലാണ് കീഴാറ്റൂര്‍ ഗ്രാമം.

error: Content is protected !!