ടിവിയുടെ വില കൂട്ടാനൊരുങ്ങി കമ്പനികള്‍

കേന്ദ്രബജറ്റില്‍ കസ്റ്റംസ് നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടിവിയുടെ വില വര്‍ധിപ്പിക്കാന്‍ പ്രമുഖ കമ്പനികള്‍ നീക്കമാരംഭിച്ചു. രണ്ട് ശതമാനം മുതല്‍ ഏഴ് ശതമാനം ടിവി വില വര്‍ധിപ്പിക്കാനാണ് വിവിധ കമ്പനികള്‍ ആലോചിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വില വര്‍ധന നടപ്പാവുന്നതോടെ വ്യാപാരത്തില്‍ കുറച്ചു കാലത്തേക്ക് ഇടിവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനികള്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കാനായി ഇലക്ട്രോണിക്ക് ഉപകരണ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സി.ഇ.എം.എ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

തങ്ങളുടെ എല്‍.ഇ.ഡി/ഒ.എല്‍.ഇ.ഡി ടിവികള്‍ക്ക് 2 മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് പാനസോണിക് ആലോചിക്കുന്നത്. സാംസഗ് 5 മുതല്‍ 6 ശതമാനവും വില വര്‍ധിപ്പിക്കുമെന്നാണ് സൂചന. എല്‍.ജിയും സോണിയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും എത്ര ശതമാനം വര്‍ധന വരുത്തുമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

ടിവി നിര്‍മ്മാണത്തിനാവശ്യമായഓപണ്‍ സെല്ലുകള്‍ക്കും മറ്റു വസ്തുകള്‍ക്കും 7.5 ശതമാനം ഇറക്കുമതി നികുതിയുണ്ടായിരുന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പുതയി ബജറ്റില്‍ 15 ശതമാനമായി ഉയര്‍ത്തിയത്. നികുതി വര്‍ധന പത്ത് ശതമാനമായെങ്കിലും കുറയ്ക്കണമെന്നാണ് ടിവി നിര്‍മ്മാതക്കള്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

അതേസമയം സര്‍ക്കാര്‍ ടെലിവിഷന്‍ അസംസ്‌കൃത വസ്തുകളുടെ ഇറക്കുമതി ചുങ്കം കൂട്ടിയത് അഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അംസംസ്‌കൃത വസ്തുകള്‍ പ്രാദേശിക വിപണിയില്‍ ഉണ്ടാക്കാന്‍ കമ്പനികള്‍ ശ്രമിച്ചാല്‍ ടിവിയുടെ വില കുറയുകയാണ് ചെയ്യുകയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഭ്യന്തരഉല്‍പാദനത്തിന് അനുകൂലമായ തരത്തില്‍ പലതരം ആനുകൂല്യങ്ങളും ഇളവുകളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്.

error: Content is protected !!