ഷുഹൈബ്‌ വധം; മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ആളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കർണാടകയിൽനിന്നാണ് ഇവരിൽ ചിലരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തും.

റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വളരെ ശ്രദ്ധയോടെയാണ് പോലീസ് നീക്കങ്ങള്‍ നടത്തിയത്. ശുഹൈബിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാരാണ്, എന്ത് സാഹചര്യത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്, പാര്‍ട്ടിയുടെ ഏത് തലത്തില്‍ വരെ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു എന്നീ കാര്യങ്ങളില്‍ ഇനി വ്യക്തത വരാനുണ്ട്. അന്വേഷണപുരോഗതി അറിയിക്കുന്നതിനായി അല്‍പസമയത്തിനകം കണ്ണൂര്‍ എസ്.പി മാധ്യമങ്ങളെ കണ്ടേക്കും എന്നും സൂചനയുണ്ട്.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ രണ്ടു പേരെ കഴിഞ്ഞ ശനിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എം.വി.ആകാശ്, രജിൻരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രാദേശിക നേതൃത്വത്തിന്റെ നിർദേശത്തിലാണ് കൊലപാതകമെന്ന് ആകാശ് മൊഴി നൽകിയിരുന്നു.

error: Content is protected !!