നാഗാലാന്‍ഡലും മേഘാലയിലും തെരഞ്ഞെടുപ്പ് ആരംഭിച്ചു

മേഘാലയും നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ. കോൺഗ്രസ് ഭരിക്കുന്ന മേഘാലയയിലെ 60 അംഗ സഭയില്‍ 47 സീറ്റിലാണ് ബിജെപിയുടെ മല്‍സരം. രാവിലെ ഏഴുമുതല്‍ നാല് വരെയാണ് വോട്ടെടുപ്പ്. ഈ തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികള്‍ അതീവ ജാഗ്രതയിലാണ്. മേഘാലയ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുക പതിവുപോലെ പ്രാദേശിക പാര്‍ട്ടികളായിരിക്കും. രാഷ്ട്രീയ അനിശ്ചിതാവസ്ഥയുള്ള മേഘാലയയില്‍ കഴിഞ്ഞ കുറെക്കാലമായി പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരുമാണ് ആരു ഭരിക്കണമെന്നു നിര്‍ണ്ണായിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടി മറികടക്കുകയെന്ന ലക്ഷ്യവുമായാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണത്തിലുള്ള മേഘാലയ നഷ്ടമായാല്‍ അത് കോണ്‍ഗ്രസിനും പുതിയതായി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാകും. അതിനാല്‍ കോണ്‍ഗ്രസിന് മേഘാലയിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മേഘാലയയിലും നാഗാലാന്‍ഡിലും സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

എന്‍.സി.പി സ്ഥാനാര്‍ത്ഥിയായ ജൊനാഥന്‍ എസ് സംഗ്മ ഫെബ്രുവരി 18ന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വില്യംനഗറില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയ്ക്കൊപ്പം മാര്‍ച്ച് മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം നടക്കുക. പതിവുപോലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരിക്കുകയും പ്രാദേശിക പാര്‍ട്ടികള്‍ ഭരണം നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യം മേഘാലയയിലുണ്ടാകുമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.

error: Content is protected !!