കപ്പൽശാലയിലെ പൊട്ടിത്തെറി: മരിച്ച 5 പേരും മലയാളികൾ
കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മലയാളികള്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതിൽ ജെവിൻ റെജി, കൊച്ചി മൈനാഞ്ചി മുക്ക് കുറുപ്പശേരി പുത്തൻവീട്ടിൽ കെ.ബി. ജയൻ, തൃപ്പൂണിത്തുറ എരൂർ ചെമ്പനേഴത്ത് വീട്ടിൽ സി.എസ്. ഉണ്ണിക്കൃഷ്ണൻ, എരൂർ വെളിയിൽ മഠത്തിപ്പറമ്പിൽ എം.വി. കണ്ണൻ, വൈപ്പിൻ മാലിപ്പുറം പള്ളിപ്പറമ്പിൽ എം.എം. റംഷാദ് എന്നിവരാണു മരിച്ചത്. അഭിലാഷ്, സച്ചു, ജയ്സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കു പരുക്കേറ്റു. ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണ്. വാതക ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
ഒഎൻജിസിയുടെ സാഗർഭൂഷൺ എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിലായിരുന്നു പൊട്ടിത്തെറി. രാവിലെ പത്തിനു ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികൾ പോകുന്നതിനു മുൻപ് ഒന്‍പതേകാലോടെ കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു കൊച്ചി ഷിപ്‌യാർഡ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചെലവുകളും വഹിക്കും. സംഭവത്തെക്കുറിച്ചു ത്രിതല അന്വേഷണം നടത്തുമെന്നും കപ്പൽശാല സിഎംഡി: മധു എസ്. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.